അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ടതിന്റെ റെക്കോഡ് ജയശ്വി ജയ്സ്വാൾ സ്വന്തമാക്കി. 387 പന്ത് നേരിട്ടശേഷമായിരുന്നു ജയ്സ്വാൾ കീഴടങ്ങിയത്. മൊഹീന്ദർ അമർനാഥിന്റെ (322) റെക്കോഡാണ് തകർന്നത്. അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിന്റെ ഇന്ത്യൻ റെക്കോഡ് ശിഖർ ധവാന്റെ (187) പേരിലാണ്. രോഹിത് ശർമയ്ക്കും (177) പിന്നിൽ മൂന്നാം സ്ഥാനത്ത് യശസ്വി ജയ്സ്വാൾ (171) എത്തി.
ഇന്ത്യക്കായി അരങ്ങേറ്റത്തിൽ ഇതിനു മുന്‍പ് 16 കളിക്കാർ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാൽ, അരങ്ങേറ്റ സെഞ്ചുറി വിദേശത്ത് സ്വന്തമാക്കുന്ന അഞ്ചാമത് മാത്രം ഇന്ത്യക്കാരനാണ് യശസ്വി ജയ്സ്വാൾ. 2001ൽ വീരേന്ദർ സെവാഗാണ് ഇതിനു മുന്‍പ് വിദേശത്ത് അരങ്ങേറ്റ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റർ. 1996ൽ ലോഡ്സിൽ സൗരവ് ഗാംഗുലി നേടിയ 131 ആയിരുന്നു ഇതുവരെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വിദേശ അരങ്ങേറ്റ സെഞ്ചുറി. അരങ്ങേറ്റത്തിൽ ഓപ്പണറായി സെഞ്ചുറി നേടുന്ന മൂന്നാമത് മാത്രം ഇന്ത്യക്കാരനാണ് ജയ്സ്വാൾ. 2013ൽ ശിഖർ ധവാനും 2018ൽ പൃഥ്വി ഷായും മാത്രമാണ് ഇതിനു മുന്‍പ് ഓപ്പണറായി അരങ്ങേറ്റ സെഞ്ചുറി നേടിയ ഇന്ത്യക്കാർ.