തിരുവനന്തപുരം: യൂട്യൂബ് ന്യൂസ് ചാനലുകൾക്കെതിരെ രൂക്ഷമായ പരാമർശം നടത്തി പി.വി അൻവർ എംഎൽഎ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ കുറ്റപ്പെടുത്തി.പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് രാജ്യത്തെ പൊലീസിന്റെയും ഡിഫൻസിന്റെയുമടക്കം രഹസ്യങ്ങൾ വിദേശരാജ്യത്തേക്ക് കടത്തി കൊണ്ടുപോയി ഇവർ പണമുണ്ടാക്കുകയാണെന്നും ഇതിനെക്കുറിച്ച് പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷിക്കട്ടെയെന്നും പി.വി അൻവർ പറഞ്ഞു.
‘യഥാർത്ഥ മാദ്ധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജനാധിപത്യം നല്ലരീതിയിൽ മുന്നോട്ട്പോകാൻ അവർ വേണം. എന്നാൽ മാദ്ധ്യമപ്രവർത്തനം അധിക്ഷേപമായി മാറുകയും വ്യക്തിഹത്യയായി മാറുകയും പണമുണ്ടാക്കാനുള്ള മാർഗമായും ബ്ളാക് മെയിൽ ചെയ്യാനുള്ള മാർഗമായി മാറ്റുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരാണ് യൂട്യൂബർമാർ.’ അൻവർ ആരോപിക്കുന്നു.
യൂട്യൂബർമാർ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുന്നതായും മതേതര കേരളം നശിപ്പിക്കുന്നതിന് അവർക്കൊരു വേവലാതിയുമില്ലെന്നും അൻവർ ആരോപിച്ചു. മുസ്ളീമിനെക്കുറിച്ച് പറഞ്ഞാൽ കേരളത്തിലെ ഹിന്ദു കാണും. എന്താണ് പറഞ്ഞതെന്നറിയാൻ മുസ്ളീം അത് കാണും. ക്രിസ്ത്യാനികളും കാണും. ഹിന്ദുക്കളെക്കുറിച്ചും അങ്ങനെ തന്നെ. ചാനൽ വഴി വർഗീയത വിളമ്പിയാൽ വ്യൂവർഷിപ്പ് കൂടും. അതുവഴി പണമുണ്ടാക്കാം എന്നതാണ് ലക്ഷ്യം. യൂട്യൂബ് മാദ്ധ്യമങ്ങളുടെ വീഡിയോകൾ, അവർ ബ്ളാക്മെയിൽ ചെയ്ത് പണം തട്ടിയ സംഭവങ്ങളും എല്ലാം എടുക്കുമെന്നും ഇവരുടെ വ്യക്തിത്വം കേരളം കാണാൻ പോകുകയാണെന്നും അൻവർ പറഞ്ഞു.