തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘു. നടൻ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ട്രോളാണ് ലഭിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ട്രോളിന് കാരണമായത്. ‘സഖാവ് പിണറായി വിജയനെ എനിക്ക് വലിയ ഇഷ്ടമാണ്. പിണറായി വിജയനെക്കുറിച്ച് എന്തെല്ലാം പറയുന്നു ആളുകൾ. അത് കൈയിട്ടുവാരി, ഇത് കൈയിട്ടുവാരി..ഞാൻ ചോദിക്കട്ടെ ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തതായി ആരുണ്ട്?’ എന്നാണ് നടൻ പറഞ്ഞത്. ഇതിനെ കളിയാക്കി ‘ഒന്ന് പൊക്കിയടിച്ചതാണ്.നാവ് ചതിച്ചാശാനേ ലേലു അല്ലു…’ എന്നാണ് ചില കമന്റുകൾ. ‘ഭീമൻ രഘു സത്യം വിളിച്ചുപറയുന്ന ഒരു സഖാവാണ്.’ എന്നാണ് മറ്റൊന്ന്.
വർഷങ്ങളായി ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലെത്തിയത് ഏതാണ്ട് ഒരാഴ്ച മുൻപാണ്. ഇടതുപക്ഷത്തെത്തിയശേഷം മൂന്നാം പിണറായി സർക്കാർ വരും എന്ന് നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ബിജെപിയുമായി യോജിച്ചുപോകാനാകില്ലെന്ന് വ്യക്തമാക്കി സംവിധായകൻ രാമസിംഹൻ, രാജസേനൻ എന്നിവർക്ക് പിന്നാലെയാണ് ഭീമൻ രഘു പാർട്ടി വിട്ടത്. സ്ഥാനമാനം കിട്ടിയില്ലെന്ന് മാത്രമല്ല ബിജെപിയിൽ പോയതുകൊണ്ട് ഉള്ള മാനവും കളഞ്ഞുകുളിച്ച അവസ്ഥയാണെന്ന് സിപിഎമ്മിൽ ചേർന്നശേഷം ഭീമൻ രഘു പ്രതികരിച്ചിരുന്നു.
‘പിണറായി വിജയൻ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവർത്തിക്കുന്നത് എനിക്ക് അഭിമാനമാണ്, അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ്, പറയാനുള്ളത് മുഖത്തുനോക്കി പറയും, അഴിമതിയില്ല.’ എന്ന് സിപിഎമ്മിൽ ചേർന്നശേഷം ഭീമൻ രഘു പറഞ്ഞിരുന്നു.