ലക്നോ : ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ആദിവാസി യുവാവിന്റെ വായിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. കുസ്പർവയിലെ ഘടിഹത തോല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇയാൾ യുവാവിനെ ഉപദ്രവിക്കുന്നതും മൂത്രമൊഴിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് യുപി പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതി ഇരയുടെ സുഹൃത്താണെന്ന് സോൻഭദ്ര പോലീസ് അറിയിച്ചു. സോൻഭദ്രയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ ദളിത് പീഡനമാണിത്. ജൂലൈ ആദ്യം ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാവിനെ ഉയർന്ന ജാതിക്കാരൻ മർദിക്കുകയും കാലുകൾ നക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ തേജ്ബാലി സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മധ്യപ്രദേശിൽ ആദിവായി യുവാവിന്റെ മേൽ ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് ഉത്തർപ്രദേശിലും ദളിത് പീഡനങ്ങൾ തുടർക്കഥയാകുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിതർ പീഡിപ്പിക്കപ്പെടുകയാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.