കൊല്ലം : കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെയാണ് കേസ്. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്.
സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ആംബുലൻസ് ഡ്രൈവർ നിതിൻ നേരത്തെ രംഗത്തെത്തിയിരുന്നു. കേസ് നൽകാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും പൊലീസ് ചോദിച്ചതായി നിതിന്‍ പറഞ്ഞു. തന്നെ പ്രതിയാക്കാനാണ് പൊലീസ് നീക്കമെന്നും നിതിന്‍ ഉന്നയിച്ചു.
ഇന്നലെ വൈകിട്ടാണ് കൊട്ടാരക്കരയിൽ വച്ച് മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചത്. നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് റെഫര്‍ ചെയ്ത രോഗിയെ കൊട്ടാക്കര ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പുലമണ്‍ സിഗ്നലില്‍ വച്ച് പൈലറ്റ് വാഹനം ഇടിച്ചത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.