വിശാഖപട്ടണം : ആന്ധ്രപ്രദേശില്‍ തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. മടനപ്പള്ളിയിലാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ(62) ആണ് ചൊവ്വാഴ്ച രാത്രി അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് സിഐ സത്യനാരായണ പറഞ്ഞു. തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണു കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം.
ചൊവ്വാഴ്ച വൈകിട്ടു പാല് വില്‍ക്കുന്നതിനായാണു നരെം പോയത്. കാണാതായതോടെ തിരച്ചിലിനൊടുവില്‍ പാടത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് മരത്തിൽ കയ്യും കാലും കെട്ടി വായില്‍ തുണി തിരികി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തക്കാളി വിറ്റ പണം നരെമിന്റെ കൈവശമുണ്ടെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച 70 പെട്ടി തക്കാളി ഇയാള്‍ ചന്തയിൽ വിറ്റിരുന്നു. കൂടാതെ അന്ന് വൈകിട്ട് ഒരു സംഘം തക്കാളി അന്വേഷിച്ചു നരെമിന്റെ പാടത്തു വരികയും ചെയ്തു. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.