തൃശൂർ: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്കിനെ (59) സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കൈയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ട വീട്ടമ്മയുടെ ഭർത്താവിൽ നിന്ന് ഡോ.ഷെറി 3000 കൈക്കൂലി വാങ്ങിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസ് നടപടി.
അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ഭർത്താവിനോട് ശസ്ത്രക്രിയ്ക്ക് വേണ്ടി ഡോക്ടർ കൈക്കൂലി ചോദിക്കുകയായിരുന്നു. സർജറിയ്ക്ക് ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ 3000 രൂപ എത്തിക്കാനായിരുന്നു ഷെറി ആവശ്യപ്പെട്ടത്. തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരാതിക്കാരന് ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലൻസ് ഷെറി ഐസക്കിനെ കൈയോടെ പിടികൂടുകയായിരുന്നു. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തിലധികം രൂപ കണ്ടെടുത്തു. 2000,500,200,100 രൂപ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് ഇയാൾ കൈക്കൂലിയായി വാങ്ങിയ പണമാണെന്നാണ് സൂചന. ചില നോട്ടുകൾ ദ്രവിച്ച നിലയിലുമായിരുന്നു. കൊച്ചിയിലെ വീട്ടിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപയും കണ്ടെത്തി. ഇവിടെനിന്നും ഡോളർ നോട്ടുകളും ലഭിച്ചിരുന്നു.