ന്യൂഡൽഹി : വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ജമ്മു കാഷ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക മഴ തുടരുന്നത്. മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 90 ആയി.
ഹിമാചലില്‍ മാത്രം 31 പേരാണ് മരിച്ചത്. സംസ്ഥാനത്ത് 40ഓളം പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 1300 ഓളം റോഡുകളിലാണ് ഗതാഗതം തടസപ്പെട്ടത്. വീടുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. 79 വീടുകള്‍ പൂര്‍ണമായും 333 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പലയിടത്തും അരുവികളും നദികളും കരകവിഞ്ഞൊഴുകുകയാണ്. യമുനാ നദിയിലെ ജനനിരപ്പ് 207 മീറ്റര്‍ കടന്നതോടെ കേന്ദ്ര ജല കമ്മീഷന് ജാഗ്രതാ നിര്‍ദേശം നല്കി. പലയിടത്തും മിന്നല്‍പ്രളയമുണ്ടായി. പഞ്ചാബിലും യുപിയിലും പ്രളയ മുന്നറിയിപ്പ് തുടരുകയാണ്.