ബംഗളൂരു: ബംഗളൂരുവിൽ ഐടി കമ്പനിയുടെ മലയാളി സിഇഒയേയും മാനേജിംഗ് ഡയറക്ടറേയും കൊലപ്പെടുത്തിയ പ്രതികള്‍ പൊലീസ് പിടിയില്‍. പ്രതികളായ ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. കമ്മനഹള്ളിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്.
ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ ആര്. വിനുകുമാര്‍(47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവര്‍ ചൊവ്വാഴ്യാണ് കൊല്ലപ്പെട്ടത്. മുന്‍ ജീവനക്കാരന് കൂടിയയാ ശബരീഷ് അമൃതഹള്ളി പമ്പാ എക്സ്റ്റന്ഷനിലുള്ള കമ്പനി ഓഫീസിലെത്തി ഇരുവരേയും വെട്ടിക്കൊല്ലുകയായിരുന്നു. ഇയാള്‍ക്കൊപ്പം വിനയ് റെഡ്ഡിയും സന്തോഷും ഉണ്ടായിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഒരു വർഷം മുൻപാണ് എയ്റോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്റോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഫെലിക്സ് ടിക്ടോക് താരമാണെന്നും പൊലീസ് വ്യക്തമാക്കി. ജോക്കർ ഫെലിക്സ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. കൊലപാതക വിവരം സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവച്ചിരുന്നു. എയ്റോണിക്സ് വിട്ട് ഫെലിക്സ് സ്വന്തമായി കമ്പനി രൂപീകരിച്ചിരുന്നു. ഫെലിക്സിനൊപ്പം മൂന്നുപേർക്കൂടിയുണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.
വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവർ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. മൃതദേഹങ്ങൾ മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകും. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയാണ് മരിച്ച വിനുകുമാര്‍.ഭാര്യ – ശ്രീജ. 2 മക്കളുണ്ട്.