മിർപൂർ: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ മിന്നു ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ ബംഗ്ലദേശ് ബാറ്റർമാർക്കു സാധിച്ചില്ല. 96 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശ് 10 ഓവറിൽ നാലിന് 41 റൺസെന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 95 റണ്‍സാണ് ആകെ നേടിയത്. 14 പന്തിൽ 19 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് പന്തുകൾ നേരിട്ട മിന്നു ഒരു ഫോറടക്കം അഞ്ചു റൺസെടുത്തു പുറത്താകാതെനിന്നു. 33 റൺസെടുത്തു നിൽക്കെ ആദ്യ വിക്കറ്റു പോയ ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായത് തിരിച്ചടിയായി. റണ്ണൊഴുക്കിനു വേഗം കുറഞ്ഞതോടെ ഇന്ത്യ ചെറിയ സ്കോറിലൊതുങ്ങുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സ്മൃതി മന്ഥന (14 പന്തിൽ 19), യാസ്തിക ഭാട്യ (13 പന്തിൽ 11), ദീപ്തി ശർമ (14 പന്തിൽ 10), അമൻജ്യോത് കൗർ (17 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.