ന്യൂഡൽഹി∙ ലൈംഗികാതിക്രമ ആരോപണ കേസിൽ റെസിലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റം ചെയ്തതായി ഡൽഹി പൊലീസ്. ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തി, അപമാനിച്ചിട്ടുണ്ട്. ഒരു താരം തുടർച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്നുമാണ് ചാർജ് ഷീറ്റിലുള്ള ആരോപണം. ഡൽഹി പൊലീസിന്റെ ചാർജ് ഷീറ്റിലാണ് ബ്രിജ് ഭൂഷണെതിരെ ആരോപണമുള്ളതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആറു കേസുകളിൽ രണ്ടെണ്ണം 354,354A,354D എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നാലെണ്ണത്തിൽ 354,354A എന്നിവയാണ് വകുപ്പുകൾ. ഇതുപ്രകാരം അഞ്ചുകൊല്ലം വരെ തടവ് ലഭിക്കാം. ഇതുമായി ബന്ധപ്പെട്ട് 108 സാക്ഷികളോട് അന്വേഷണസംഘം സംസാരിച്ചതായും പറയുന്നുണ്ട്. ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷണിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 18നു ഹാജരാകാനാണു ഡൽഹി റോസ് അവന്യു കോടതിയുടെ നിർദേശം. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ. ബ്രിജ് ഭൂഷണെതിരെ നിരവധി വനിതാ താരങ്ങളാണു രംഗത്തെത്തിയിരുന്നത്. ഒളിംപ്യൻ ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു സമരം