ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന പെരുംമഴയിൽ മരണം 39 ആയി. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
ഹിമാചലിൽമാത്രം ഇതുവരെ ഇരുപതിലേറെ പേർ മരിച്ചു. ഹിമാചലിൽ മണ്ണിടിച്ചിലും മിന്നൽപ്രളയവും ആവർത്തിക്കുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. മണാലി, കുളു, ചംബാ, കിന്നൗർ എന്നിവിടങ്ങളിൽ നിരവധി പേർ ഒറ്റപ്പെട്ടു. രവി, ബിയാസ്, സത്ലജ്, സ്വാൻ, ചെനാബ് തുടങ്ങി പ്രധാനനദികളിലെല്ലാം ജലനിരപ്പ് അപകടകരമായി ഉയർന്നു. ജനങ്ങൾ വീടുകളിൽ തുടരണമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സാഹു ആവശ്യപ്പെട്ടു.
റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ വിനോദസഞ്ചാരികളടക്കം പലയിടത്തും കുടുങ്ങി. എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിൽനിന്ന് പോയ ഹൗസ് സർജൻസി പൂർത്തിയാക്കിയ 45 ഡോക്ടർമാരുടെ സംഘം മണാലിയിൽ കുടുങ്ങി. ഇവർ സുരക്ഷിതരാണ്. ദേശീയപാതകൾ ഉൾപ്പെടെ ഏകദേശം 1300 റോഡുകൾ തകർന്നു. ഉത്തരാഖണ്ഡിലും നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുന്നു.
ഡല്‍ഹിയില്‍ യമുനനദിയിലെ ജലനിരപ്പ് അപകടനില കടന്നു. നിലവില്‍ 206.24 മീറ്ററാണ് ജലനിരപ്പ്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു. യമുനയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽപേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നും എന്നാൽ, പ്രളയസാഹചര്യമില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
ഹരിയാനയിലെ ഹാഥ്നിക്കുണ്ട് അണക്കെട്ടിൽനിന്ന് 1000 ക്യുസെക്സ് ജലം യമുനയിലേക്ക് തുറന്നുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. നാലു സംസ്ഥാനത്തായി ദുരന്തനിവാരണസേനയുടെ 39 സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
പഞ്ചാബിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ കുടുങ്ങിയ ആയിരത്തോളം വിദ്യാർഥികളെ സൈന്യം രക്ഷപെടുത്തി. ഗുജറാത്തിൽ 37 അണക്കെട്ടിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. വടക്കൻ ഗുജറാത്തിലെ സാബർകന്ത, മഹിസാഗർ, ആരാവല്ലി, മെഹ്സാന, ബാണസ്കന്ദ, സൗരാഷ്ട്രയിലെ ജുനഗഢ് എന്നിവിടങ്ങളിൽ കഴിഞ്ഞ എട്ടു മണിക്കൂറിൽ 100 എംഎം മഴ ലഭിച്ചു.