ന്യൂഡൽഹി: നാവികസേനയ്ക്കായി ഇന്ത്യ ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം(റാഫാൽ മറൈൻ) യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാനൊരുങ്ങുന്നു. 13, 14 തീയതികളിലെ ഫ്രാൻസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ ഒപ്പിട്ടേക്കും. വ്യോമസേനയ്ക്കായി നേരത്തെ 36 റാഫേൽ വിമാനങ്ങൾ വാങ്ങിയിരുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് 22 ഒറ്റ സീറ്റുള്ള റഫേൽ മറൈൻ വിമാനങ്ങളും നാല് ട്രെയിനർ വിമാനങ്ങളും വാങ്ങാൻ നാവിക സേന പ്രതിരോധ മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. പുതിയതായി വാങ്ങുന്ന വിമാനം മുൻപ് വ്യോമസേനയ്ക്കായി വാങ്ങിയവയിൽ നിന്ന് സാങ്കതികമായി വ്യത്യാസമുള്ളവയാണ്.
ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകളിൽ നിലവിൽ വിന്ന്യസിച്ച മിഗ്-29 വിമാനങ്ങൾക്ക് പകരമാണ് റഫേൽ വരുന്നത്. മുൻ കരാറിലെപോലെ പുതിയതിലും ഇന്ത്യ- ഫ്രാൻസ് സംയുക്ത കമ്പനി രൂപീകരിക്കും. ഇതിനായുള്ള നിർദ്ദേങ്ങൾ ഉടൻ പ്രതിരോധ അക്വിസിഷൻ കൗൺസിലിൽ പരിഗണിക്കും. മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ മുംബയിലെ മസഗോൺ ഡോക്ക്യാർഡിൽ നിർമ്മിക്കുന്ന തരത്തിലാകും കരാർ.
ദ്വിദിന സന്ദർശനം
ദ്വിദിന സന്ദർശന വേളയിൽ പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ നരേന്ദ്ര മോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അത്താഴ വിരുന്ന് നൽകും. 200ലധികം അതിഥികൾ പങ്കെടുക്കും. ഫ്രഞ്ച് ദേശീയ ദിനത്തോടനുബന്ധിച്ചാണ് പരിപാടി. ബാസ്റ്റിൽ ദിന മിലിട്ടറി പരേഡിൽ മോദി വിശിഷ്ടാതിഥിയാകും. ഇന്ത്യൻ സായുധ സേനാംഗങ്ങളും പരേഡിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അഞ്ചാമത് ഫ്രഞ്ച് സന്ദർശനമാണിത്.