തിരുവനന്തപുരം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ബഹുസ്വരത സംഗമം സംഘടിപ്പിക്കാനൊരുങ്ങി യുഡിഎഫ്. ഈ മാസം 29ന് തിരുവനന്തപുരത്ത് വച്ചായിരിക്കും സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയിച്ചു. എല്ലാ മത മേലധ്യക്ഷന്മാരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. സിപിഎമ്മിന്റെ സെമിനാറുമായി ഇതിനെ താരതമ്യം ചെയ്യേണ്ടെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ലീഗിനെ സിപിഎം വിളിച്ചത് രാഷ്ട്രീയം ലാഭം വച്ചാണ്. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തെ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്നാണ് യുഡിഎഫിന്റെ നിലപാട്.സിപിഎമ്മിനെ ക്ഷണിക്കാതെ ഇടതുമുന്നണിയിലെ ഏതെങ്കിലും കക്ഷിയെ പരിപാടിക്ക് ക്ഷണിക്കുന്നതില്‍ അനൗചിത്യമുണ്ട്. അതുകൊണ്ട് എല്‍ഡിഎഫില്‍നിന്ന് ആരെയും സംഗമത്തിന് വിളിക്കില്ലെന്നും സതീശൻ പറഞ്ഞു.ഇഎംഎസും, ഇ.കെ.നായനാരും അടക്കമുള്ള സിപിഎം നേതാക്കള്‍ സിവില്‍ കോഡിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം നിയമസഭാ രേഖകളിലുണ്ട്. വിഷയത്തിലെ മുന്‍ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് വേണ്ട എന്നുതന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്നും സതീശന് പറഞ്ഞു.