ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീംകോടതിയെ വേദിയാക്കരുതെന്ന് കോടതി പറഞ്ഞു.മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മേയ്തി-കുക്കി വിഭാഗങ്ങളുടെ ഒരു കൂട്ടം ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.
ക്രമസമാധാനം നേരിട്ട് നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയില്ല. അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.എവിടെയെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നിര്‍ദേശം നല്കാന് മാത്രമാണ് കോടതിക്ക് കഴിയുകയെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.പക്ഷാപാതപരമായ കാര്യമല്ലെന്നും മനുഷ്യത്വപരമായ വിഷമാണിതെന്നുമുള്ള കാര്യം മനസില്‍ വച്ചുകൊണ്ട് മാത്രമേ വാദത്തിലേക്ക് കടക്കാവൂ എന്ന് കോടതി അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്കി. ഇതൊരു നിയമവേദിയാണ് രാഷ്ട്രീയ വേദിയല്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.