തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ പരാതിക്കാരനെ വീണ്ടും പരിഹസിച്ച് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണ്. ഇടയ്ക്കിടെ പത്രവാര്‍ത്ത വരുമല്ലോ എന്നായിരുന്നു പരാമര്‍ശം.
ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ലോകായുക്തയോട് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് പരാതിക്കാരനായ ആര്.എസ്.ശശികുമാറിനെ പരിഹസിച്ചുള്ള പരാമര്‍ശം. ഒന്നുകില്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങണം. എത്ര ദിവസമായി ലോകായുക്തയുടെ ഫുള്‍ ബെഞ്ച് കേസ് കേള്‍ക്കാന്‍ ഇരിക്കുകയാണ്. തങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്. ഇതൊന്ന് തലയില്‍നിന്ന് പോയിക്കിട്ടിയാല്‍ അത്രയും സന്തോഷമെന്നും ലോകായുക്ത പറഞ്ഞു.
കേസ് ഫുള്‍ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെയാണ് പരാതിക്കാരന് ഹൈക്കോടിയെ സമീപിച്ചത്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കരുതെന്നും മാറ്റിവയ്ക്കണമെന്നുമായിരുന്നു ആവശ്യം. ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിച്ച ലോകായുക്ത കേസ് ഈ മാസം 20ലേക്ക് മാറ്റി.