തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ കിട്ടാതായിട്ട് രണ്ട് മാസം. സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടക്കുന്നത്. എന്നാൽ ധനവകുപ്പ് ഇതുവരെ പണം അനുവദിച്ചിട്ടില്ല. കഴിഞ്ഞ മാസത്തെ ശമ്പളവും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്.
2018 മുതൽ കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ സഹകരണബാങ്കുകളുടെ കൺസോർഷ്യം വഴിയാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്കുകൾ പെൻഷൻ തുക വിതരണം ചെയ്യുകയും സർക്കാർ പിന്നീട് ആ തുക പലിശ സഹിതം തിരിച്ചടയ്ക്കുകയുമാണ് പതിവ്. 7.5 ശതമാനത്തിന് ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ 8.5 ശതമാനം പലിശയാണ് നൽകുന്നത്. ഒമ്പതു ശതമാനം പലിശ വേണമെന്നാണ് സഹകരണ വകുപ്പിന്റെ നിലപാട്. എന്നാൽ നേരത്തെയുണ്ടാക്കിയ ധാരണ അനുസരിച്ച് പലിശവ്യത്യാസമില്ലാതെ ജൂൺവരെയുള്ള പെൻഷൻ തുക സഹകരണവകുപ്പ് വിതരണം ചെയ്യേണ്ടത്. ജൂലായിലെ പെൻഷന് പുതിയ കരാർ ഉണ്ടാക്കണം. ഇതിനുള്ള നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല.
അതേസമയം, മേയ് മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് കെ.എസ്.ആർ.ടി.സി 90 കോടി രൂപയുടെ ധനസഹായം തേടിയത്. പ്രതിമാസ ധനസഹായമായ 50 കോടി രൂപയും കുടിശികയായ 40 കോടിയുമാണ് ആവശ്യപ്പെട്ടത്. ആദ്യഗഡു ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി.