ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പക്ഷപാതപരവും ഔചിത്യമില്ലാത്തതുമായ തീരുമാനങ്ങളെടുക്കുന്ന രവിയെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് രാഷ്ട്രപതിക്ക് നൽകിയ കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ159-ാം അനുച്ഛേദ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഗവർണർ, ഭരണഘടനാമൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും വർഗീയ വേർതിരിവ് സൃഷ്ടിച്ച് സംസ്ഥാനത്ത് അശാന്തി പരത്തുകയാണെന്നും സ്റ്റാലിൻ കുറിച്ചു. അണ്ണാ ഡിഎംകെ അംഗങ്ങൾ ഉൾപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് അനുമതി നൽകാതിരുന്ന ഗവർണർ മന്ത്രി സെന്തിൽ ബാലാജിയെ കാബിനറ്റിൽ നിന്ന് പുറത്താക്കാൻ തിടുക്കം കാണിച്ചു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്ഷപാതിത്വം വെളിവാക്കുന്നതാണ്.
സംസ്ഥാന സർക്കാർ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് ശരിയായ നടപടിയല്ല. പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ ഇടപെട്ട് അതിനെ തകിടം മറിക്കാനും ഗവർണർ ശ്രമിച്ചെന്ന് സ്റ്റാലിൻ ആരോപിച്ചു.
ഭരണഘടനയുടെ 156(1)-ാം അനുച്ഛേദം അനുസരിച്ച് ഗവർണറെ തൽസ്ഥാനത്ത് നിന്ന് നീക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്നും കത്തിൽ സൂചിപ്പിച്ച കാര്യങ്ങളിലൂടെ പദവിയിൽ തുടരാൻ രവി യോഗ്യനല്ലെന്ന് കണ്ട് അദ്ദേഹത്തെ പുറത്താക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.