തൃശൂർ : ദേശീയപാത കുതിരാനിൽ വഴുക്കുംപാറ ഭാഗത്ത് സൈഡ് ഭിത്തി പുനർനിർമാണം നടന്നുകൊണ്ടിരിക്കെ കൂടുതൽ വിള്ളൽ രൂപപ്പെടുന്നു. നിലവിൽ പൊളിക്കുന്ന സുരക്ഷാഭിത്തിക്ക് സമീപമാണ് കൂടുതൽ വിള്ളൽ കണ്ടത്. ഇതുകൂടി പൊളിച്ചു നന്നാക്കിയാൽ മാത്രമേ ഭയാശങ്കയില്ലാതെ ഗതാഗതം തുടരാനാകൂ.
നിലവിൽ പൊളിക്കുന്ന സൈഡ്ഭിത്തിക്ക് സമീപം 15 മീറ്റർ നീളത്തിൽ പുതിയ വിള്ളൽ രൂപപ്പെട്ടു. റോഡ് ഇടിഞ്ഞ ഭാഗത്താണ് സൈഡ് ഭിത്തിയിലും വിള്ളൽ രൂപപ്പെട്ടത്. ഇവിടേയും പൂർണമായും പൊളിച്ച് സൈഡ് ഭിത്തി പുനർനിർമിക്കേണ്ടിവരും. റോഡ് പൊളിച്ച് ആഴത്തിൽ കുഴിയെടുത്ത് വീണ്ടും മണ്ണിട്ട് നികത്തി ടാർ ചെയ്യാനാണ് നേരത്തേ നിശ്ചയിച്ചത്. എന്നാൽ, സൈഡ് ഭിത്തി ഇടിഞ്ഞ് അതിലൂടെ മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നതിനാൽ ഇവിടേയും സൈഡ് ഭിത്തി പുനർനിർമിക്കേണ്ടിവരും.
സൈഡ് ഭിത്തി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിനു പകരം കരിങ്കല്ലുകെട്ടി ഉയർത്തി മണ്ണിട്ട് നികത്തിയ ഭാഗമാണിത്. പാലക്കാട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ഭാഗത്താണ് അശാസ്ത്രീയരീതിയിൽ നിർമാണം നടത്തിയത്. ഇത് കരാർ കമ്പനിയുടെ വീഴ്ചയാണെന്നും സംരക്ഷണഭിത്തി ബലപ്പെടുത്തണമെന്നും കാണിച്ച് ദേശീയപാതാ അതോറിറ്റി കരാർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
വഴുക്കുംപാറയിൽ സൈഡ് ഭിത്തി പുനർനിമിക്കുന്നതിനാൽ പാലക്കാട്ടുനിന്ന് വരുന്ന വാഹനങ്ങൾ കുതിരാൻ തുരങ്കം കഴിഞ്ഞാലുടൻ ഒറ്റവരിയായി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഇതോടെ വഴുക്കുംപാറമുതൽ തുരങ്കംവരെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഒറ്റവരിയായി മാറി.