തിരുവനന്തപുരം: വിവിധ സംഘടനകളുടെ എതിർപ്പിനു പിന്നാലെ അന്ധവിശ്വാസവും അനാചാരവും തടയാനുള്ള ബില്ലിന്റെ കരടു സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നു. അന്ധവിശ്വാസവും അനാചാരവും തടയുന്നതിനായി നിയമ പരിഷ്കരണ കമ്മീഷൻ തയാറാക്കി മന്ത്രിസഭയുടെ പരിഗണനയിലുണ്ടായിരുന്ന കരടു ബിൽ പിൻവലിച്ചു.
വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വേർതിരിക്കുന്നതിൽ നിയമത്തിൽ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് കരട് ബിൽ പിൻവലിക്കാൻ തീരുമാനിച്ചത്. ഇത്തരം നിയമ- സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കിയുള്ള പുതുക്കിയ ബിൽ തയാറാക്കുമെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും ഇതു പ്രായോഗിക തലത്തിലാകാൻ സാധ്യത കുറവാണെന്നു പറയപ്പെടുന്നു. പത്തനംതിട്ട ഇലന്തൂർ കൂട്ട നരബലിയുടെ അടിസ്ഥാനത്തിലാണ് അന്ധവിശ്വാസവും അനാചാരവും തടയുന്നതിനുള്ള കരടു ബിൽ തയാറാക്കിയത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടു വരുമെന്ന പ്രചാരണമുണ്ടായെങ്കിലും നടന്നില്ല. തുടർന്നു കരടു ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടു വന്നെങ്കിലും വിവിധ സംഘടനകളിൽ നിന്ന് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ അജണ്ടയിൽ നിന്നു പിൻവലിക്കുകയായിരുന്നു.