കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്ത് പലയിടത്തും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
പലയിടങ്ങളിലായുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപി, സിപിഎം, കോണ്‍ഗ്രസ്, ഐഎസ്എഫ്(ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്) എന്നീ പാര്‍ട്ടികളുടെ ഓരോ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.പര്‍ഗാനാസിലെ പിര്‍ഗച്ചയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റ് കൊലപ്പെട്ടു. കൂച്ച് ബീഹാറിലെ പോളിംഗ് ബൂത്തില്‍ നടന്ന അക്രമത്തില്‍ ബാലറ്റ് പേപ്പറുകള്‍ അടക്കം കത്തിച്ചു. പോളിംഗ് സ്റ്റേഷന് അടിച്ച് തകര്‍ത്തിട്ടുണ്ട്. മാൽഡയില്‍ ബോംബേറുണ്ടായി. നൂര്‍പൂരില്‍ ബാലറ്റുകള്‍ കൊള്ളയടിച്ചെന്ന് പരാതിയുണ്ട്. ബാന്ഗോറില് ഉണ്ടായ ബോംബേറില്‍ നാലും ആറും വയസുള്ള രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.