അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ കൈയാങ്കളി. ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം.നാല് ദിവസത്തെ ബജറ്റ് സമ്മേളനത്തിനായാണ് ത്രിപുര നിയമസഭ ചേര്‍ന്നത്. ഇതിനിടെ സംസ്ഥാനത്ത് ക്രമസമാധാന നില തകരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു.
ഇതിന് പിന്നാലെ പ്രതിഷേധത്തില്‍ പങ്കെടുത്ത അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് കയറി നിന്ന് സ്പീക്കര്‍ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും എംഎല്‍എമാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അതേസമയം എംഎല്‍മാരുടെ സസ്പെന്ഷന് തുടരുമെന്ന് സ്പീക്കര്‍ ബിശ്വബന്ധു സെന്‍ അറിയിച്ചു. സിപിഎമ്മിന്റെ നായന് സര്‍ക്കാര്‍, കോണ്‍ഗ്രസിന്റെ സുദീപ് റോയ് ബര്മന്, തിപ്ര മോത പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാർ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.