തൃശൂർ : പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 423.15 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് .അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പൻ (73) ആണ് മരിച്ചത്. കന്നുകാലിക്ക് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ അഞ്ചടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കൊഴിക്കോട് കൊയിലാണ്ടിയിൽ വലിയമങ്ങാട് കടപ്പുറത്ത് യുവാവിനെ കടലിൽ കാണാതായി. പന്തലായിനി സ്വദേശി അനൂപിനെയാണ് കാണാതായത്. കടൽത്തിരത്ത് ഇരിക്കുമ്പോൾ തിരയടിച്ച് കടലിൽ വീഴുകയായിരുന്നു.
വര്‍ക്കലയില്‍ കടലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഫാറൂക്ക് ആണ് മരിച്ചത്. മാന്തറ കടപ്പുറത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.വര്‍ക്കലയ്ക്കടുത്ത് ഇടവ മാന്തറയില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടല്‍ത്തിരയിലൂടെ ഓട്ടോ ഒഴുകിനടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 50 അടി താഴ്ചയുള്ള ഭാഗത്തേക്കാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോ പൂര്‍ണമായും തകര്‍ന്ന നിലയില്‍ നേരത്തെ കണ്ടെടുത്തിരുന്നു.