തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ യെല്ലോ അലർട്ടുള്ളത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്.
ഇന്ന് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോട്ടയം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല. കണ്ണൂർ സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
ഇടുക്കി ജില്ലയിൽ മലയോര മേഖലകളിലേക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെയുള്ള യാത്രകൾക്കു നിരോധനം തുടരുകയാണ്. എറണാകുളം ജില്ലയിൽ കണ്ണമാലി മേഖലയിലെ കടൽക്കയറ്റം തുടരുന്നു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നൽകി.