ന്യൂഡൽഹി: മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ റിവ്യൂ ഹർജിയിൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി വിധി പറയും. സൂറത്ത് അഡീഷണൽ സെഷൻസ് കോടതി വിധിച്ച രണ്ടു വർഷം തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ രാഹുലിന് ലോക്സഭാംഗത്വം തിരികെ ലഭിക്കും.
വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയാറായില്ലെങ്കിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തന്നെ ഉയർന്ന ബെഞ്ച് മുന്‍പാകെ അപ്പീൽ നൽകാം. മാർച്ച് 23നാണ് രാഹുലിന് സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. കോടതി ജാമ്യം അനുവദിക്കുകയും അപ്പീൽ നൽകാൻ സമയം നൽകുകയും ചെയ്തിരുന്നു. തുടർന്ന് സൂറത്ത് അഡീഷണൽ സെഷൻസ് കോടതി മുന്‍പാകെ അപ്പീൽ നൽകിയെങ്കിലും ഹർജി തള്ളി. തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അപ്പീൽ പരിഗണിക്കേണ്ട ജസ്റ്റീസ് ഗീതാ ഗോപി പിന്മാറി. തുടർന്നു കേസ് പരിഗണിച്ച മറ്റൊരു ബെഞ്ച് ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശത്തിന് എതിരെ നല്കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദേഹത്തിൻറെ പാര്‍ലമെന്റ് അംഗത്വവും റദ്ദാക്കപ്പെട്ടു. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.