തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും കടലാക്രമണവും രൂക്ഷമാകുന്നു. വലിയതുറ, കഠിനംകുളം, മുതലപ്പൊഴി, അഞ്ചുതെങ്ങ്, വർക്കല മേഖലകളിലാണ് കടൽക്ഷോഭവും കടലാക്രമണവും രൂക്ഷമായി തുടരുന്നത്.
അഞ്ചുതെങ്ങിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പൂത്തുറ, മാന്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ, കായിക്കര, വേലിക്കകം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. മുതലപ്പൊഴി- അഞ്ചുതെങ്ങ് തീരദേശ റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇത് കാരണം വാഹനഗതാഗതം നേരിയ തോതിൽ തടസപ്പെട്ടിരുന്നു. കടലിലെ കൂറ്റൻ തിരമാലകൾ കരയിലേക്ക് കയറിയാണ് റോഡിൽ വെള്ളം കയറിയത്. ഇതിനെ ചെറുക്കാൻ നാട്ടുകാർ തീരത്ത് മണൽചാക്കുകൾ നിരത്തിയെങ്കിലും പരിഹാരമായിട്ടില്ല.
കൊല്ലത്ത് കനത്ത മഴയിൽ ഇതുവരെ 40 വീടുകൾ തകർന്നുവെന്നാണ് കണക്ക്. 38 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. കഴിഞ്ഞ രാത്രിയും പുലർച്ചെയും ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. എന്നാൽ ഇന്ന് പകൽ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി.കൊല്ലം ബീച്ചിന് സമീപം കടൽക്ഷോഭം രൂക്ഷമാണ്. വലിയ ഉയരത്തിൽ തിരമാലകൾ ഇവിടെ വീശിയടിക്കുന്നുണ്ട്. മുണ്ടയ്ക്കൽ പ്രദേശവും കടലാക്രമണ ഭീഷണിയിലാണ്.ജില്ലയിൽ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല. കടലാക്രമണം ഇനിയും രൂക്ഷമായാൽ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.