കണ്ണൂർ : ആലക്കോട് കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്ന്ന് കൃഷിനാശം സംഭവിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി വെള്ളം കയറിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിവീണും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ചെന്പുകടവ്, പന്നിയങ്കര എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.
കഴിഞ്ഞദിവസം ഇരുവഞ്ഞിപുഴയിൽ തെയ്യത്തുംകടവിൽ ഒഴുക്കിൽപെട്ട കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ. ഉസൈൻകുട്ടി (65)ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.കാപ്പാട്- കൊയിലാണ്ടി തീരദേശ റോഡ് കടൽ കവർന്നു. കാപ്പാട് റിസോർട്ട് സമീപം മുതൽ പൊയിൽക്കാവ് വരെയുള്ള ഭാഗം പാടെ തകർന്നതോടെ ഇതുവഴിയുള്ള യാത്ര പൂർണമായും നിരോധിച്ചു. കഴിഞ്ഞദിവസം ആഞ്ഞടിച്ച തിരമാലകൾ തീരദേശപാത കവർന്നെടുക്കുകയായിരുന്നു.കാൽനടയാത്രയ്ക്കു പോലും പറ്റാത്ത വിധത്തിൽ റോഡ് തകർന്നിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.