ഭോപ്പാൽ: ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി മധ്യപ്രദേശ് സർക്കാർ. പ്രതി പ്രവേഷ് ശുക്ലയുടെ അനധികൃധ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദേശപ്രകാരമാണ് നടപടി. പ്രവേഷ് ശുക്ലയ്ക്കെതിരെ രാജ്യരക്ഷ നിയമം ചുമത്തി സിദ്ധി ജില്ലാ കളക്ടർ ഉത്തരവിറക്കി .
ഇയാൾക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്തതെന്നും അധികൃതർ അറിയിച്ചു. സിദ്ധി ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് ഇയാൾ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും രൂക്ഷമായ വിമർശനമുയരുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടെയുടൻ കർശന നടപടിയെടുത്ത് പ്രതിയെ പിടികൂടാൻ നിർദേശം നൽകിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.
ഐപിസി 294, 504 വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തി. കുബ്രിയിലെ വീട്ടിൽ നിന്ന് പുലർച്ചെ 2.30ഓടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പ്രതിക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. സിദ്ധി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്തയാളാണെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണം എംഎൽഎ നിഷേധിച്ചു. എന്നാല്‍, കേസിനാസ്പദമായ സംഭവം പഴയതാണെന്നും ഇലക്ഷന് അടുത്തതിനാല്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയതാണെന്നുമാണ് പ്രവേശ് ശുക്ലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.