കൊച്ചി : വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയും നീരൊഴുക്ക് വര്‍ധിച്ചതിനാലും സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയിലെ മണിയാര്‍, ഇടുക്കിയിലെ പാംബ്ല, മൂന്നാര്‍ ഹെഡ് വര്‍ക്സ്, കല്ലാര്‍കുട്ടി ,കണ്ണൂരിലെ പഴശി ഡാമുകളാണ് തുറന്നത്. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല, മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാമുകള്‍ തുറന്നതോടെ, പെരിയാര്‍ തീരത്തുള്ളവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടര്‍ 75 സെന്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 30 സെന്റീമീറ്ററുമാണ് തുറന്നത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഒരു ഷട്ടര്‍ 15 സെന്റീമീറ്ററും രണ്ടാമത്തം ഷട്ടര്‍ 90 സെന്റീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പഴശി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും പത്തുസെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിമലയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട്ടില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറി. മഴക്കെടുതിയില്‍പ്പെട്ട നിരവധിപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവര്‍ഷവും കനത്തമഴയില്‍ അപ്പര്‍ കുട്ടനാട് ഭാഗങ്ങളില്‍ വെള്ളം കയറാറുണ്ട്.