തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് എ വിശാഖ് കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസില്‍ എ വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശാഖ് കീഴടങ്ങിയത്.
കാട്ടാക്കട കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട എ എസ് അനഘക്ക് പകരം എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിന്റെ പേര് കേരള സര്‍വകലാശാലയെ അറിയിച്ചതാണ് കേസ്. കേസെടുത്തതിന് പിന്നാലെ ജി ജെ ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ആള്‍മാറാട്ടത്തിനായി വ്യാജ രേഖ ചമച്ചിട്ടില്ലെന്നായിരുന്നു ഷൈജു കോടതിയില്‍ വാദിച്ചത്. കേസില്‍ എ വിശാഖിന്റെ പങ്ക് ഗുരുതരമെന്ന് പറഞ്ഞ ഹൈക്കോടതി, വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പല്‍ പേര് കേരള സര്‍വകലാശാലക്ക് അയക്കില്ലെന്നും നിരീക്ഷിച്ചു. എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറിയാണ് വിശാഖ്.