മുംബൈ: മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാരിൽ ചേർന്ന അജിത് പവാറിനും മറ്റ് എട്ട് എംഎൽഎമാർക്കുമെതിരെ എൻ സി പി. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന് പാർട്ടി നേതൃത്വം കത്ത് നൽകി. എല്ലാ ജില്ലകളിൽ നിന്നുള്ള പാർട്ടി അണികളും ശരദ് പവാറിനൊപ്പമാണെന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷനെയും എൻ സി പി നേതൃത്വം സമീപിച്ചു.
മഹാരാഷ്ട്ര എൻ സി പി അദ്ധ്യക്ഷൻ ജയന്ത് പട്ടീൽ കഴിഞ്ഞദിവസം അജിത്തിനും മറ്റ് എംഎൽഎമാർക്കുമെതിരെ അയോഗ്യരാക്കാനുള്ള നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം എൻ സി പി പിളർത്തി ഷിൻഡെ സർക്കാരിന്റെ ഭാഗമായ അജിത്ത് പവാർ, ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ഉപ മുഖ്യമന്ത്രിയായി അധികാരം പങ്കിടും. ശരദ് പവാറിന്റെ വിശ്വസ്തരായ ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പട്ടേൽ എന്നിവരും അജിത്തിനൊപ്പം പോയത് പാർട്ടിയെ ഞെട്ടിച്ചിരുന്നു.
ഇ ഡി, സിബിഐ അന്വേഷണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകാനാണ് അജിത് പവാറിനൊപ്പം മറ്റം എംഎൽഎമാർ മറുകണ്ടം ചാടിയതെന്ന് നിയുക്ത പ്രതിപക്ഷ നേതാവും എൻ സി പി നേതാവുമായ ജിതേന്ദ്ര അവ്ഹാദ് പ്രതികരിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നതിനാലാണ് വിമതനീക്കമുണ്ടായതെന്നും മറ്റ് കാരണങ്ങളുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കാൽ നൂറ്റാണ്ടായി എൻസിപിയാണ് തങ്ങളെ മന്ത്രിമാരാക്കിയതെന്ന് കൂറുമാറിയ എംഎൽഎമാർ മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശരത് പവാറിനെ ഒറ്റപ്പെടുത്തുകയാണുണ്ടായത്. എൻസിപി അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരികെയെത്തുമെന്നും ജിതേന്ദ്ര അവ്ഹാദ് ഉറപ്പുനൽകി