തിരുവനന്തപുരം : കൈതോലപ്പായയിൽ പൊതിഞ്ഞു കാറിൽ കോടികൾ എറണാകുളത്തു നിന്നു തിരുവനന്തപുരത്ത് എത്തിച്ചെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ആരോപണത്തിൽ പോലീസ് പരാതിക്കാരുടെ മൊഴിയെടുക്കും. പോലീസ് പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുക്കുക. കൈതോലപ്പായയിൽ പണം കൊണ്ടുവന്നെന്ന ജി. ശക്തിധരന്റെ ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ബെന്നി ബെഹന്നാൻ എംപിയാണ് ഡിജിപിക്കു പരാതി നൽകിയത്. ബെന്നി ബെഹന്നാന്റെയും ജി. ശക്തിധരന്റെയും മൊഴിയെടുത്ത ശേഷമാണു എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കുക. സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനു കൈമാറുകയായിരുന്നു. അന്വേഷണത്തിനായി തിരുവനന്തപുരം ഡിസിപിയെ ചുമതലപ്പെടുത്തി. എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിസിപി നിയോഗിക്കും. സാധാരണയായി ഇത്തരം പരാതികളിൽ പോലീസ് പ്രാഥമികാന്വേഷണം നടത്തുക പതിവില്ല. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണു നടപടിക്രമം. അന്വേഷണം നടത്താത്തതിൽ കോടതിയെ സമീപിക്കുമെന്നു നേരത്തെ കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.