ഹൈദരാബാദ് : തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചൂടുപിടിക്കുന്നതിനിടെ ഭാരത് രാഷ്ട്ര സമിതിയെ(ബിആർഎസ്) രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിആർഎസ് തലവനും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിനെ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് രാഹുൽ ആരോപിച്ചു. ബിആർഎസ് എന്നാൽ ബിജെപി റിഷ്തേദാർ(ബന്ധുത്വ) പാർട്ടി എന്നാണെന്നും രാഹുൽ പരിഹസിച്ചു. ബിആർഎസുമായി യാതൊരു വിധ രാഷ്ട്രീയസഖ്യത്തിലും ഏർപ്പെടില്ലെന്നും ഇക്കാര്യം എല്ലാ പ്രതിപക്ഷ പാർട്ടികളെയും അറിയിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാനായി ബിആർഎസ് നേതാക്കൾ ബിജെപിയുടെ അടിമകളായി തുടരുകയാണ്. സ്വയം രാജാവാണെന്ന് ധരിക്കുന്ന കെഎസിആർ തെലുങ്കാന തന്റെ സാമ്രാജ്യമാണെന്ന് കരുതിയിരിക്കുന്നത്. കർണാടകയിലേതിന് സമാനമായി, അഴിമതി നിറഞ്ഞ സർക്കാരിനെ താഴെയിറക്കി കോൺഗ്രസ് തെലുങ്കാനയിൽ അധികാരത്തിലേറും. മറുവശത്ത് പണക്കാരും പ്രബലരുമാണെങ്കിൽ കോൺഗ്രസിനൊപ്പമുള്ളത് ദരിദ്രരുടെയും ന്യൂനപക്ഷ – ദളിത് വിഭാഗങ്ങളുടെയും ശക്തമായ പിന്തുണയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.