മുംബൈ : അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ ആദ്യ പ്രതികരണം. എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് അജിത് പവാര്‍ എന്‍ഡിഎ ക്യാമ്പിലെത്തിയത്. എന്‍സിപിയുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 30 എംഎല്‍എമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നു. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും അജിത് പവാറിന്റെ സംഘത്തിനൊപ്പമുണ്ടായിരുന്നു. അജിത് പവാര്‍ മുംബൈയില്‍ രാഷ്ട്രീയ നീക്കം നടത്തുമ്പോള്‍ പൂനെയില്‍ ആയിരുന്ന ശരദ് പവാര്‍, മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ‘എന്തിനാണ് ഈ യോഗം വിളിച്ചത് എന്ന് എനിക്കറിയില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് യോഗം വിളിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹം അത് സ്ഥിരം ചെയ്യുന്നതാണ്. എനിക്ക് കൂടുതല്‍ അറിയില്ല’- ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാറിന്റെ പ്രതികരണം എത്തിയപ്പോഴേക്കും മുംബൈയില്‍ രാജ്ഭവനില്‍ അജിത് പവാറിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു. നാളുകളായി എന്‍സിപിയില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണ് അജിത്തിനെ എന്‍ഡിഎ ക്യാമ്പില്‍ എത്തിച്ചത്. ശരദ് പവാറിന്റെ മകളും എംപിയുമാടയ സുപ്രിയ സുലെയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയതിന് പിന്നാലെ, തനിക്ക് പാര്‍ട്ടി പദവി വേണമെന്നും പ്രതിപക്ഷനേതാവ് സ്ഥാനം ആവശ്യമില്ലെന്നും പറഞ്ഞ് അജിത് പവാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ശരദ് പവാര്‍, അദ്ദേഹത്തിന്റെ ആവശ്യത്തിന് ചെവികൊടുത്തില്ല. അജിത് പവാറിന്റെയും 30 എംഎല്‍എമാരുടേയും പുറത്തുപോക്കോടെ, എന്‍സിപിയിലെ എംഎല്‍എമാരുടെ എണ്ണം 22 ആയി കുറഞ്ഞു.