ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ലെബനനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ ഷൂട്ടൗട്ട് വിജയിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയാണ് ആദ്യ കിക്കെടുത്തത്. നായകന് സുനില്‍ ഛേത്രി പന്ത് വലയിലാക്കി. ലെബനന്റെ ആദ്യ കിക്ക് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടഞ്ഞു. ഇന്ത്യക്കായി രണ്ടാം കിക്കെടുത്തത് അന്‍വര്‍ അലി. ആ കിക്കും വലയില്‍. ഇന്ത്യ 2-0ത്തിനു മുന്നില്‍. ലെബനന് ആദ്യ ഗോള്‍ വലയിലാക്കി. ഇന്ത്യക്കായി മൂന്നാം തവണ എത്തിയ നരോം മഹേഷും പന്ത് സുരക്ഷിതമായി വലയിലാക്കി. സ്കോര്‍ 3-1. ലെബനന് സ്കോര്‍ ഉയര്‍ത്തി 3-2ല്‍. നാലാം കിക്ക് ഇന്ത്യക്കായി ഉദാന്ത സിങും ഗോളാക്കി. ലെബനന്റെ നാലാം കിക്ക് പക്ഷേ പിഴച്ചു. ഇന്ത്യ സുരക്ഷിതമായി ഫൈനലിലേക്ക്.
എട്ട് തവണ കിരീടം നേടിയ ഇന്ത്യ ഇതു 13ാം തവണയാണ് സാഫ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് എത്തുന്നത്. ഡഗൗട്ടില്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച് ഇല്ലാതെയാണ് ഇന്ത്യ കളിച്ചത്. രണ്ട് ചുവപ്പ് കാര്‍ഡുകള്‍ വാങ്ങിയ സ്റ്റിമാചിന് രണ്ട് കളികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫൈനലിലും സ്റ്റിമാചിന്റെ സാന്നിധ്യമുണ്ടാകില്ല.