കൊച്ചി : എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. വനിത ഡോക്ടറെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്. ജോസനില്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രോഗിയെ കാണാനെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇത് സഹപ്രവര്‍ത്തകനായ ഹൗസ് സര്ജന് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു.