ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടി മരവിപ്പിച്ച് ഗവര്‍ണര്‍. നിയമോപദേശം തേടിയതിന് ശേഷം മാത്രം തുടര്‍ നടപടി മതിയെന്നാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ പുതിയ തീരുമാനം.മന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള രാജ്ഭവന്റെ പത്രക്കുറിപ്പും പിന്‍വലിച്ചു.
ഇക്കാര്യം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.നേരത്തെ, സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കിയ ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു.മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശിപാർശയിലാണ് മന്ത്രിമാരുടെ നിയമനവും ഒഴിവാക്കലുമെന്നിരിക്കെയാണ് ഗവർണറുടെ നടപടിയെന്നും നിയപരമായി നേരിടുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയെ വ്യാഴാഴ്ചയാണ് ഗവർണർ ആർ.എൻ. രവി പുറത്താക്കിയത്. കഴിഞ്ഞയാഴ്ച 17 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.