ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പുരിൽ സന്ദർശനം നടത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരേ ബിജെപി കടുത്ത വിമർശനം ഉയർത്തിയെങ്കിലും പിന്നോട്ടില്ലെന്നു കോൺഗ്രസ്. വിമർശിക്കുന്നവർ ആദ്യം മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പുർ കലാപം പ്രതിരോധിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിൽനിന്നു ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി മണിപ്പുരിൽ രണ്ട് ദിവസത്തെ സന്ദർശനമാണ് രാഹുൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മണിപ്പുർ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപബാധിത മേഖല സന്ദർശിക്കുന്നത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.