ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി നൽകി 35 നേതാക്കൾ ബി,ആർ.എസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. ഇവർ ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് എത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ആർ,എസ് നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മുൻ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുൻ എം.എൽ.എമാരായ പന്യം വെങ്കിടേശ്വരലു, കോരം കനകയ്യ, കോട്ട രാംബാബു, രാകേഷ് റെഡ്ഡി, ബി.ആർ.എസ് എം.എൽ.സി നർസ റെഡ്ഡിയുടെ മകൻ എന്നിവർ പാർട്ടി വിട്ടവരിൽ പെടുന്നു. പാട്നയിൽ വെള്ളിയാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ബി,ആർ.എസ് പങ്കെടുത്തിരുന്നില്ല.
മാസങ്ങൾക്ക് മുമ്പ് തന്നെ മുൻ എം,പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും മുൻ മന്ത്രി ജുപള്ളി കൃഷ്ണറാവുവും പാർട്ടിയിൽ വിമതസ്വരം ഉയർത്തിയിരുന്നു. ഇരുവരെയും കോൺഗ്രിസനൊപ്പം ബി,ജെ,പിയും തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കർണാടകയിൽ കോൺഗ്രസ് നേടിയ വിജയമാണ് ഇരുനേതാക്കളെയും കോൺഗ്രസിലേക്ക് അടുപ്പിച്ചതെന്നാണ് വിവരം. ജൂലായ് ആദ്യവാരം ഇരുനേതാക്കളും ശക്തിപ്രകടനം സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്.