കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് നടന്നിരുന്നത്.
ജിആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഷമ്മി തിലകനും അനു മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.