ഷൊർണൂർ: വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കയറി വാതിൽ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വിദഗ്ധ സംഘമാണ് പൂട്ടു പൊളിച്ച് പുറത്തിറക്കിയത്. ഉള്ളിൽനിന്ന് കയർ കെട്ടിയാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്.വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിയിലാണ് ഇയാൾ കയറി വാതിലടച്ചത്. ഇയാളുടെ ദേഹമാസകലം പരിക്കേറ്റ പാടുകളുണ്ട്.
മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നും ഇയാൾ ആർപിഎഫിന് മൊഴി നൽകി. ആർപിഎഫ് കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എകസ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. മനപ്പൂര്‍വം വാതില്‍ അടച്ച് ഇരുന്നതാണോയെന്നും റെയില്‍വേ പൊലീസ് പരിശോധിക്കുന്നുണ്ട്. അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. കോഴിക്കോട് എത്തിയപ്പോള്‍ ഇയാളോട് ഇറങ്ങാന്‍ ആര്‍ടിഎഫും പൊലീസും ഹിന്ദിയില്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അതിനോട് പ്രതികരിക്കന്‍ തയ്യാറായിരുന്നില്ല. തുടർന്നാണ് ഷൊർണൂർ എത്തിയപ്പോൾ വാതിൽ പൊളിച്ച് ആളെ പുറത്തിറക്കിയത്.