കോഴിക്കോട് : നിപ രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ 950 പേര്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 എണ്ണം ഹൈ റിസ്ക് പട്ടികയിലുള്ളവരാണ്. 11 പേരുടെ പരിശോധനാഫലം ഉടന്‍ വന്നേക്കുമെന്ന് ഡിഎംഒ അറിയിച്ചു. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടന്‍ പ്രസിദ്ധീകരിക്കും.
നാളെ മുതല്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ചെന്നൈയില്‍നിന്നുള്ള ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലുകളുടെ സാംപിള്‍ ശേഖരണം തുടങ്ങും. തിരുവള്ളൂര്‍ പഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളാക്കി.
സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ പൊലീസും രംഗത്തിറങ്ങും. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനായി പൊലീസിന്റെ സഹായം തേടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ലയില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 29ന് പുലര്‍ച്ചെ 2.30നും 4.15നും ഇടയില്‍ ഇഖ്റ ആശുപത്രിയിലെത്തിയവര്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് ഡിഎംഒ അറിയിച്ചു.
അതേസമയം, സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ വാര് ആണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ മാര്‍ഗനിര്‍ദേശത്തിലും കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അവലോകനശേഷം ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.