കൊച്ചി: ആലുവയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതു വയസുകാരിയെയാണ് രാത്രി രണ്ടുമണിയോടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തദ്ദേശവാസിയായ ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ആലുവ റൂറൽ എസ്.പി വിവേക് കുമാർ. പറഞ്ഞു.
ഇന്ന് പുലർച്ചെയോടെയാണ് വീട്ടിൽ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പാടത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കുട്ടി വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇവർ കുട്ടിയുമായി വീട്ടിലെത്തിയപ്പോഴാണ് മാതാവ് വിവരമറിഞ്ഞത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം.