വിജയപുര : കര്‍ണാടകയിലെ വിജയപുര വ്യാവസായിക മേഖലയില്‍ ഗോഡൗണിലെ സ്റ്റോറേജ് യൂണിറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് ചോളം നിറച്ച നൂറു കണക്കിന് ചാക്കുകള്‍ വീണ് എട്ട് പേര് മരിച്ചു. മരിച്ച തൊഴിലാളികള്‍ എല്ലാം ബിഹാര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഒരാള്‍ അപകട നില തരണം ചെയ്തു. കൂടുതല്‍ പേര് കുടുങ്ങിപ്പോയതായി സംശയിക്കുന്നു.
ഇന്നലെ വൈകീട്ട് ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ചോളച്ചാക്കുകള്‍ തൊഴിലാളികളുടെ മുകളിലേക്കാണ് മറിഞ്ഞു വീണത്. രാജേഷ് മുഖിയ (25), രാംബ്രിജ് മുഖിയ (29), ശംഭു മുഖിയ (26), രാം ബാലക് (52), ലഖു (45) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് മന്ത്രി എം ബി പാട്ടീല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചതിന്റെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഗോഡൗണിന്റെ ഉടമയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച തൊഴിലാളികള്‍ ഇതര സംസ്ഥാനക്കാരാണെങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് കുറച്ച് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതേ ഗോഡൗണില്‍ മുന്‍പും സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്ന് രണ്ട് പേര് മരിക്കുകയും ചെയ്തു. എന്നാല്‍ കേസ് ഒതുക്കി നിര്‍ത്തിയെന്നും മന്ത്രി തന്നെ പറഞ്ഞു.