ന്യൂഡൽഹി : യുപിയിൽ ബിജെപി സ്ഥാനാർഥിക്കായി ഒരു യുവാവ് എട്ട് വട്ടം വോട്ടുചെയ്ത യുവാവ് അറസ്റ്റിൽ. യുപിയിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപിക്കാരനായ ഗ്രാമമുഖ്യൻ അനിൽ സിങിന്റെ മകൻ രാജൻ സിങാണ് എട്ടു വട്ടം വോട്ടുചെയ്തത്. ഒന്നിനുപിറകെ ഒന്നായി എട്ട് വോട്ടുകൾ ബിജെപിക്കുചെയ്യുന്ന വീഡിയോ രാജൻ സിങ് മൊബൈലിൽ പകർത്തി. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. എസ്പിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർടികൾ കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. വീഡിയോ ദൃശ്യം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമീഷന് ഇടപെടേണ്ടിവന്നു. കമീഷന്റെ നിർദേശപ്രകാരം രാജൻ സിങിനെ യുപി പൊലീസ് അറസ്റ്റുചെയ്തു. ഇയാൾ കള്ളവോട്ട് ചെയ്ത ബൂത്തിൽ റീപോളിങ് നടത്തും.