കൊല്ലം : മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷ നിറവില്‍ അമൃതപുരി. കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലാണ് മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാള്‍ ആഘോഷച്ചടങ്ങുകള്‍. സപ്തതി ആഘോഷത്തിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രത്യേക സപ്ലിമെന്റ് പുറത്തിറക്കി. എട്ടു പേജ് വരുന്ന സപ്ലിമെന്റ് സിഇഒ ലക്ഷ്മി മേനോന് മാതാ അമൃതാനന്ദമയിക്ക് സമര്‍പ്പിച്ചു. ചടങ്ങില്‍ ജനറല്‍ മാനേജര്‍ (കേരളം) പി വിഷ്ണുകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
ജന്മദിനമായ സെപ്റ്റംബര്‍ 27നാണ് എല്ലാ വര്‍ഷവും ആഘോഷമെങ്കിലും ഇക്കുറി അത് ജന്മനക്ഷത്രമായ കാര്‍ത്തിക നാളിലാണ്. കൊറോണ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. അതിനാല്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും മാതാ അമൃതാനന്ദമയിയുടെ നിരവധി ഭക്തരാണ് ജന്മദിനാഘോഷങ്ങള്‍ക്കായി എത്തിയിരിക്കുന്നത്.
സപ്തതി ആഘോഷത്തിന്റെ ഭാഗമായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്കും പുതിയസേവനപദ്ധതികള്‍ക്കും രൂപം നല്കി. ആരോഗ്യരക്ഷാപദ്ധതിയുടെ ഭാഗമായി 300 പേര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും. വൃക്ക, മജ്ജ, കരള്‍, കാല്‍മുട്ട്, എന്നിവ മാറ്റിവയ്ക്കലിനും കാന്‍സര്‍ രോഗികള്‍ക്കും പദ്ധതിയിലൂടെ സൗജന്യ ചികില്‍സ ലഭ്യമാക്കും. 108 പേരുടെ സമൂഹവിവാഹമാണ് മറ്റൊന്ന്. നാലു ലക്ഷം പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കും. മഠം ദത്തെടുത്ത 108 ഗ്രാമങ്ങളിലെ അയ്യായിരം സ്ത്രീകള്‍ക്ക് തൊഴില്‍പരീശീലനം സര്‍ട്ടിഫിക്കറ്റ് കൈമാറും.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് അമൃത് പദ്ധതി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവകാരുണ്യം, പ്രകൃതി സംരക്ഷണം, ശാസ്ത്രസാങ്കേതികം, സ്ത്രീശാക്തീകരണം, തൊഴില്‍പരിശീലനം തുടങ്ങി വിവിധ മേഖലകളിലെ നിലവിലുളള പദ്ധതികളും തുടരും.