തിരുവനന്തപുരം: നെല്ലു സംഭരണത്തിന് കേന്ദ്രം നൽകാനുള്ള 617 കോടി ലഭ്യമാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടു കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി സംസ്ഥാന സർക്കാർ ഇന്നു ചർച്ച നടത്തും. ഉച്ചകഴിഞ്ഞു മസ്കറ്റ് ഹോട്ടലിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി ചർച്ച നടത്തുക.
സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മീഷണർ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കും. കേന്ദ്ര വിഹിതം ഇനത്തിൽ 617 കോടി രൂപ കേരളത്തിലെ കർഷകർക്കു ലഭിക്കാനുണ്ട്. ഇതു വേഗത്തിൽ ലഭ്യമാക്കണമെന്ന ആവശ്യമാണു പ്രധാനമായി ഉന്നയിക്കുക. പൊതുവിതരണ സംവിധാനം വഴി ആവശ്യമായ ഗോതന്പും ഒരു വർഷമായി കേരളത്തിനു ലഭിക്കുന്നില്ല. കേരളത്തിന്റെ അഭ്യർഥനപ്രകാരം കഴിഞ്ഞ ഏപ്രിലിൽ ഗോതന്പും ലഭ്യമാക്കിയിരുന്നു. ഗോതന്പ് ലഭ്യമാക്കണമെന്ന ആവശ്യവും ചർച്ചയിൽ കേരളം ഉന്നയിക്കും. കെ സ്റ്റോർ, റേഷൻകട, സപ്ലൈകോ ഔട്ട് ലെറ്റ് എന്നിവയും കേന്ദ്ര ഭക്ഷ്യ സെക്രട്ടറി ഇന്നു സന്ദർശിക്കുന്നുണ്ട്.