കൊച്ചി: ആലുവയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. പ്രതിയായ അസം സ്വദേശി അസഫാക്ക് ആലത്തെ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിലാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ല. കുട്ടിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ് തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം മുൻപാണ് അസഫാക്ക് ഇവിടെ താമസത്തിന് എത്തിയത്. വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് കുട്ടിയുമായി പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ബസിൽ കയറിയെങ്കിലും ആലുവയിൽ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മൊഴി നൽകിയത്.
തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി. നന്നായി മലയാളം സംസാരിക്കും. കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ കുട്ടിയുമായി യുവാവ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതി മറ്റാര്‍ക്കെങ്കിൽ പെൺകുട്ടിയെ കൈമാറിയോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.