കൊച്ചി: ആലുവയിൽ കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥീരികരിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥീരീകരിച്ചിരുന്നില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്ന് ഫോറൻസി്ക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്.പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഫോറൻസിക് സംഘം പൊലീസിനെ അറിയിച്ചിരിക്കുന്നത്. പീഡന ശേഷം കഴുത്തില്‍ ഗുരുതരമായി മുറിവേല്‍പ്പിച്ചുവെന്നും കല്ല്കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയര്‍ പോലുള്ള വസ്തുകൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയില്‍ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസും സ്ഥിരീകരിച്ചു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്.മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളില്‍വെച്ചാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തില്‍ നടക്കും.
ആലുവയിൽ നിന്ന് ഇന്നലെ കാണാതായ ബിഹാർ സ്വദേശികളുടെ മകളായ അഞ്ചുവയസുകാരിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതായി പിടിയിലായ അസം സ്വദേശി അസഫാക് അലം പൊലീസിനോട് സമ്മതിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.