കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ തളർന്നു വീണ് ആശുപത്രിയിൽ. മൂന്നു ദിവസങ്ങളിലായാണ് ആറ് ഉദ്യോഗസ്ഥർ തളർന്നുവീണത്. മൂന്ന് എസ്ഐമാരും മൂന്ന് സിപിഒമാരുമാണ് ജോലിക്കിടെ തളർന്നു വീണത്. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നതാണ് തളർച്ചയ്ക്ക് കാരണമായത് എന്നാണ് ആക്ഷേപം.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നാലു പേർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉള്ളതായി കണ്ടെത്തി. രണ്ട് പേരുടെ പ്രശ്നം യഥാസമയം ഭക്ഷണം കഴിക്കാത്തതും പോഷകാഹാരക്കുറവുമാണ്. ആരോഗ്യ പ്രശ്നങ്ങളുള്ള പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു.
അടുത്തിടെ കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളാണ് ആലുവയിൽ റിപ്പോർട്ട് ചെയ്തത്. അഞ്ച് വയസുകാരി കൊല്ലപ്പെടുകയും 8 വയസുകാരി പീഡിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. റൂറൽ ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനാണ് ആലുവ. എന്നാൽ അതിന് അനുസരിച്ചുള്ള ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഇല്ലെന്ന് പരാതിയുണ്ട്.